ജ്യോതിഷം
ആകാശത്തിൽ പ്രകാശിക്കുന്ന സൂര്യൻ,ചന്ദ്രൻ,നക്ഷത്രങ്ങൾ എന്നിവയെ ജ്യോതിസ്സുകൾ എന്ന് വിളിക്കുന്നു.അവയെ അടിസ്ഥാനമാക്കിയുള്ള ശാസ്ത്രമാണ് ജ്യൗതിഷം അഥവാ ജ്യോതിഷം.
ജ്യോതിഷത്തിന്റെ അടിസ്ഥാനപരമായ ചില സംജ്ഞകൾ ആണ്
ഭാവങ്ങൾ
ജനന സമയം മുതൽ മരിക്കുന്നത് വരെയുള്ള പൂർവ്വ ജന്മമടക്കം ഒരാളുടെ എല്ലാ ജീവിതാനുഭവങ്ങളേയും 12 ഭാവങ്ങളായി ജ്യോതിഷത്തിൽ തരം തിരിച്ചിട്ടുണ്ട്.ഇവയെ ഒന്നാം ഭാവം രണ്ടാം ഭാവം എന്ന് തുടങ്ങി പന്ത്രണ്ടാം ഭാവം എന്നു വരെ പറയുന്നു.മനുഷ്യനുമായി ബന്ധപ്പെട്ട സ്ഥലത്തേയും സമയത്തേയും 12 രാശികളായി വിഭജിച്ചിരിക്കുന്നു.മനുഷ്യൻറെ അനുഭവങ്ങളേയും 12 ആയി വിഭചിച്ചിരിക്കുന്നു.അവയ്ക്ക് ഭാവ൦ എന്ന് പേര് നല്കിയിരിക്കുന്നു.ഇംഗ്ലീഷിൽ ഇതിനെ house or sector എന്ന് പറയുന്നു.ജനന സമയം മുതൽ ഒന്നാം ഭാവം തുടങ്ങുന്നു.ഈ ഭാവത്തിനു ലഗ്നം എന്ന് പേര്.ജനിക്കുന്ന സമയം ഏതു രാശി ഉദിച്ചിരിക്കുന്നുവോ ആ രാശിയിൽ വേണം ലഗ്നം എന്ന് അടയാളപ്പെടുത്താൻ.അതാണ് വ്യക്തിയെ സംബന്ധിച്ചു ഒന്നാം ഭാവം.ഉദയം മുതൽ സുമാർ രണ്ടുമണിക്കൂർ സമയം ആ മാസങ്ങളുടെ പേരുള്ള രാശിയായിരിക്കും. ഉദയ രാശി അഥവാ ഉദയ സമയത്തുള്ള ലഗ്നം.
ഭാവ ചിന്ത
ഒന്നാം ഭാവം കൊണ്ട് മനസ്സിലാക്കേണ്ട കാര്യങ്ങൾ
ഒന്നാം ഭാവം കൊണ്ട് അല്ലെങ്കിൽ (ലഗ്നം)ജാതകൻറെ ശരീര സ്വഭാവം ,സവിശേഷതകൾ,നിറം,ആകൃതി,ശരീര ഘടന,ആരോഗ്യം,പൗരുഷം,ശക്തി,ഭാഗ്യം,ജീവിതത്തിലെ ജയപരാജയങ്ങൾ ,ആയുസ്സ്,ധൈര്യം,ദൃഢ നിശ്ചയം ,ശിരസ്സ്,ഉന്നത വിദ്യാഭ്യാസം,ദീർഘ യാത്ര ഇവ ഒന്നാം ഭാവം കൊണ്ട് മനസ്സിലാക്കാം.
മൂർത്തിയും കീർത്തിയും സ്ഥാനം
സുഖവും ദേഹ സൗഷ്ഠവും
ശ്രേയസ്സും ജയവും സ്വാസ്ഥ്യം
ലഗ്നം കൊണ്ട് നിരൂപയേ
മൂർത്തി(ദേഹം)കീർത്തി (പ്രസിദ്ധി) സ്ഥാനം (നില) ദുഃഖം,ദേഹ സൗഷ്ഠവം(ദേഹത്തിൻറെ ഭംഗി ) ശ്രേയസ്സ്,ജയം,സ്വാസ്ഥ്യം (സ്വസ്ഥത )ഇവയെല്ലാം ലഗ്നം കൊണ്ട് ചിന്തിക്കണം.
രണ്ടാം ഭാവം കൊണ്ട് മനസ്സിലാക്കേണ്ട കാര്യങ്ങൾ
രണ്ടാം ഭാവം കൊണ്ട് പ്രധാനമായും ജാതകൻറെ ധന സംബന്ധമായ കാര്യങ്ങളാണ് ചിന്തിക്കേണ്ടത്.ധനം,ഭാഗ്യം,ലാഭ നഷ്ടങ്ങൾ,ലൗകികമായ ഉന്നതി ,സ്റ്റോക്ക് ഷെയർ ,ബാങ്ക് ബാലൻസ്,കുടുംബ൦(അപ്പൂപ്പൻ,അമ്മൂമ്മ,അച്ഛൻ,അമ്മ,ഭാര്യ മുതലായവ ) ,വിചാരങ്ങൾ വ്യക്തമാക്കാനുള്ള കഴിവ്,നാക്ക്,മൂക്ക്,പല്ല്,താടി,വ്യാപാരം,കടം കൊടുക്കൽ വാങ്ങൽ,മരണം,സംഗീത ജ്ഞാനം,വാസനാ ദ്രവ്യങ്ങൾ എന്നിവ രണ്ടാം ഭാവം കൊണ്ട് മനസ്സിലാക്കണം.
അർത്ഥം കുടുംബം വാക്കും
വലത്തേ കണ്ണ് വിദ്യയും
ഹേതു എന്നിവയെല്ലാമേ
ദ്വിതീയേഗ്ര നിരൂപയേ
അർത്ഥം (ധനം )കുടുംബം,വാക്ക്,വലത്തേ കണ്ണ്,വിദ്യ,ഹേതു (വിവിധ കാരണങ്ങൾ) എന്നിവയെല്ലാം രണ്ടാം ഭാവം കൊണ്ട് ചിന്തിക്കണം.
മൂന്നാം ഭാവം കൊണ്ട് മനസ്സിലാക്കേണ്ട കാര്യങ്ങൾ
വ്യക്തിയുടെ മാനസിക ചായ്‌വുകൾ ,കഴിവുകൾ,പഠനത്തിനുള്ള താല്പര്യം,ധൈര്യം,വീര്യം,സഹോദരങ്ങൾ (പ്രത്യേകിച്ചും ഇളയ സഹോദരങ്ങൾ)പരിചയക്കാർ,അയല്പക്കക്കാർ,സഹായികൾ,ഹ്രസ്വ യാത്രകൾ,എഴുത്തുകൾ,കണക്കെഴുതുകൾ,എഴുത്തുപെട്ടി,ടെലിവിഷൻ,റേഡിയോ,റേഡിയോ റിപ്പോർട്ട് ,പുസ്തകങ്ങൾ,പ്രസിദ്ധീകരണങ്ങൾ,ന്യൂസ് ഏജൻസി,വീട് മാറ്റം,ലൈബ്രറി പുസ്തകങ്ങൾ,കിംവദന്തി തുടങ്ങിയവ മൂന്നാം ഭാവം കൊണ്ട് ചിന്തിക്കുന്നു
മൂന്നാം ഭാവം കൊണ്ട് മനസ്സിലാക്കേണ്ട ശരീരാവയവങ്ങൾ
ചെവി(പ്രത്യേകിച്ച് വലത്തേ ചെവി ),കൈകൾ ,തൊണ്ട മുതലായവ
വീര്യവും വിക്രമം ധൈര്യം
ദുർബുദ്ധി സഹജാതരും
സഹായം ദക്ഷ കർണ്ണം ച
തൃതീയം കൊണ്ട് ചിന്തയേ
വീര്യം(ശൗര്യം ),വിക്രമം,സമർത്ഥത,ദുർബുദ്ധി, സഹജാതർ(സഹോദരന്മാർ)വലത്തേ ചെവി ഇവയെല്ലാം മൂന്നാം ഭാവം കൊണ്ട് ചിന്തിക്കണം.
നാലാം ഭാവം കൊണ്ട് മനസ്സിലാക്കേണ്ട കാര്യങ്ങൾ
നാലാം ഭാവം പ്രധാനമായും അമ്മയുമായി ബന്ധപ്പെട്ടതാണ്.അത് പോലെ തന്നെ വീട്,വീട്ടിലെ ചുറ്റുപാടുകൾ,ജാതകൻറെ വാർദ്ധക്യ കാല അനുഭവങ്ങൾ ,സ്വകാര്യങ്ങൾ,രഹസ്യങ്ങൾ,രഹസ്യ ജീവിതം,സ്ഥാവര സ്വത്ത് ,വാഹനം,വാഹനാനുഭവങ്ങൾ,പുരയിടങ്ങൾ,തോപ്പുകൾ,എസ്റ്റേറ്റുകൾ,ഖനികൾ,തോട്ടങ്ങൾ,പ്രാചീന സ്മാരകങ്ങൾ,പുരാവസ്തുക്കൾ ഇവയെല്ലാ൦ നാലാം ഭാവം കൊണ്ട് ചിന്തിക്കേണ്ടതാണ്.ഇതനുസരിച്ചു ഭൂമി കാരകനായ ചൊവ്വ അനുകൂലമായി നാലാം ഭാവത്തിൽ നിന്നാൽ ജാതകൻ നിലം,പുരയിടം,വസ്തുക്കൾ തുടങ്ങിയവ വാങ്ങും എന്ന് പറയാം.അനുകൂലമായ ശുക്രൻ നാലാം ഭാവവുമായി ബന്ധപ്പെട്ടാൽ വാഹനം വാങ്ങിക്കും.ഗ്രഹ൦ അനുകൂലമല്ലെങ്കിൽ വാഹനം കൊണ്ടുണ്ടാകുന്ന നഷ്ടത്തേയും പറയും.അനുകൂലമായ ചന്ദ്രൻ നാലാം ഭാവവുമായി ബന്ധപ്പെട്ടാൽ അമ്മയുടെ ആരോഗ്യത്തെ പറ്റി പറയാം.
സുഖം ബന്ധു ഗൃഹം മാതാ -
അമ്മാവൻ മരുമക്കളും
വാഹനം ക്ഷേത്രം വെള്ളം
ഇവയെല്ലാം ചതുർത്ഥതാ.
സുഖം,ബന്ധു,മാതാവ്,അമ്മാവൻ,മരുമക്കൾ,വാഹനം,ക്ഷേത്രം,വെള്ളം ഇവയെല്ലാം നാലാം ഭാവം കൊണ്ട് ചിന്തിക്കണം.
അഞ്ചാം ഭാവം-സന്താന ഭാവം
അഞ്ചാം ഭാവത്തെ വിചാര ഭാവം എന്ന് പറയാം.അഞ്ചാം ഭാവം കൊണ്ട് മുഖ്യമായും സന്താന യോഗത്തെയാണ് ചിന്തിക്കേണ്ടത്.അത് കൊണ്ട് ഇതിനെ സന്താന ഭാവം എന്ന് പറയും.സുഖം,സന്തോഷം,വാസന,അഭിരുചി,കാലാവസ്ഥ,ഭാര്യ വഴി ലഭിച്ച വസ്തുക്കൾ,മനോ വിനോദം,കളികൾ,ശാരീരികവും മാനസികവുമായ സുഖ സൗകര്യങ്ങൾ തുടങ്ങിയവ അഞ്ചാം ഭാവം കൊണ്ട് മനസ്സിലാക്കാം.മുൻ ജന്മത്തിലെ പുണ്യ പ്രവർത്തനങ്ങളേയും അഞ്ചാം ഭാവം കൊണ്ട് ചിന്തിക്കാം.ലോട്ടറി,ചൂതാട്ടം,ശീട്ടുകളികൾ ,ഷെയർ,പന്തയം ഇവയെല്ലാം അഞ്ചാം ഭാവത്തിന്റേതാണ് .പ്രേമ സല്ലാപം,കാമുകീ കാമുക സമ്പർക്കങ്ങൾ,വിഹിതവും അവിഹിതവുമായ ബന്ധങ്ങൾ ,ബലാത്സംഗം,അപഹരണം,സ്ത്രീ പുരുഷന്മാരുടെ പരസ്പര ആകർഷണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഈ ഭാവത്തിൽ ഉൾപ്പെടുന്നു.അഞ്ചാം ഭാവത്തിൽ പാപ ഗ്രഹമുണ്ടെങ്കിൽ ഈ പറയുന്ന കാര്യങ്ങൾക്കു ക്ലേശമുണ്ടാകും.
പഞ്ചമം കൊണ്ട് ചിന്തിപ്പൂ
ബുദ്ധി പുത്രരമാർത്യരും
വിചാര ശക്തിയും മന്ത്ര പൂർവ്വ ജന്മ പുണ്യവും
അഞ്ചാം ഭാവം കൊണ്ട് ബുദ്ധി,പുത്രന്മാർ,അമാർത്യന്മാർ ,ചിന്താ ശക്തി (വിചാര ശക്തി )മന്ത്രം,പൂർവ്വപുണ്യം എന്നിവയെല്ലാം ചിന്തിക്കേണ്ടതാണ്.
ആറാം ഭാവം-രോഗ ഭാവം
ആറാം ഭാവം കൊണ്ട് പ്രധാനമായും രോഗത്തെ മനസ്സിലാക്കാം.അത് കൊണ്ട് ആറാം ഭാവത്തെ രോഗ ഭാവം എന്ന് പറയുന്നു. രോഗം,രോഗ കാരണം,രോഗ മുക്തി,രോഗ ദൈർഘ്യം എന്നിവ ആറാം ഭാവത്തെ കൊണ്ട് മനസ്സിലാക്കാം.ആറാം ഭാവം കൊണ്ട് ശത്രുക്കൾ,വാടകക്കാർ,വളർത്തു മൃഗങ്ങൾ,ആരോഗ്യം,കടം വാങ്ങിക്കാൻ എന്നിവയെ കുറിച്ചും പറയാം.
ജോലിക്കാർ തൊഴിലാളികൾ എന്നിവരും ഈ ഭാവവുമായി ബന്ധപ്പെടുന്നു.ശുഭ ഗ്രഹങ്ങൾ ആറാം ഭാവത്തിൽ നിന്നാൽ ജോലിക്കാരാൽ ലാഭവും ദുഷ്ട ഗ്രഹങ്ങൾ നിന്നാൽ നഷ്ടവും പറയാം.കടം വാങ്ങിക്കലും ഈ ഭാവം കൊണ്ട് ചിന്തിക്കണം.
വ്രണം വ്യാഥികൾ ശത്രുക്കൾ
കള്ളരും വിഘ്നമാദിയും
മൃത്യുവും ശത്രു ശസ്ത്രേണ
ഷഷ്ഠം കൊണ്ട് നിരൂപയേ
വ്രണം ,വ്യാഥി(രോഗം)ശത്രുക്കൾ,കള്ളന്മാർ,വിഘ്‌നം(മുടക്കം),മൃത്യു(മരണം), ശത്രുക്കളുടെ ആയുധം കൊണ്ടുള്ള ക്ലേശങ്ങളും ആറാം ഭാവം കൊണ്ട് ചിന്തിക്കണം.
ഏഴാം ഭാവം -കളത്ര ഭാവം
ദാമ്പത്യവുമായി ബന്ധപ്പെട്ടതാണ് ഏഴാം ഭാവ൦ .അത് കൊണ്ട് ഈ ഭാവത്തെ കളത്ര ഭാവം അഥവാ കളത്ര സ്ഥാനം എന്ന് പറയുന്നു.പുരുഷനെ സംബന്ധിച്ചു കളത്ര സ്ഥാനവും സ്ത്രീയെ സംബന്ധിച്ചു ഭർതൃ സ്ഥാനവുമാണ്.നിയമാനുസൃതമായ എല്ലാ ബന്ധങ്ങളും ഏഴാം ഭാവമാണ്.ബിസിനെസ്സിലെ പങ്കാളികൾ , ഇലക്ഷനിൽ എതിർ സ്ഥാനാർഥി,മത്സരത്തിൽ മറ്റു മത്സരക്കാർ,എന്തെങ്കിലും ഇടപാടിൽ പെടുന്നവർ,പണം ഇടപാടുകാർ ഇവയെല്ലാം ഏഴാം ഭാവമാണ്.ജാതകത്തിൽ ശുഭ ഗ്രഹങ്ങൾ ഈ ഭാവവുമായി ബന്ധപ്പെട്ടാൽ നല്ല അനുഭവങ്ങൾ ഉണ്ടാകും.പാപ ഗ്രഹങ്ങളാണ് ബന്ധപ്പെടുന്നതെങ്കിൽ അനിഷ്ട ഫലങ്ങളാണ് ഉണ്ടാവുക.
കാമവും ഭാര്യയും നോക്കും
സപ്തമേന നടക്കിലും
ഭർത്താവും മൈഥുനം ശയ്യാ
മിഷ്ഠാർത്ത മപി ചിന്തയേ.
കാമം-വൈകാരികം, ഭാര്യ,നോക്ക്(ദൃഷ്ടി), ഭർത്താവ്, മൈഥുനം, ശയ്യാ(കിടപ്പ്), മിഷ്ടാർഥ൦ -ഇഷ്ടമായ സാധനങ്ങൾ
എട്ടാം ഭാവം-ആയുർ ഭാവം
എട്ടാം ഭാവത്തിന് ആയുർഭാവം(മൃത്യു ഭാവം)എന്ന് പറയുന്നു.എട്ടാം ഭാവത്തിനു മുഖ്യമായും ബന്ധം ആയുസ്സുമായിട്ടാണ്.ഇതിനു മൃത്യു സ്ഥാനം എന്ന് പറയുന്നു.
ഭിന്നിപ്പും പരിഹാസത്വം
മരണം ക്ലേശവും ഗതം
വിഘ്നം ചോരാദി കാര്യങ്ങൾ
സർവ നാശം അഷ്ടമാൽ.
ഭിന്നിപ്പ്(വേർതിരിവ്),പരിഹാസം,മരണ ക്ലേശം,ഗതം(രോഗം),വിഘ്നം(മുടക്കം),കളവ് തുടങ്ങിയ കാര്യങ്ങൾ സർവനാശം അഷ്ടമം കൊണ്ട് ചിന്തിക്കണം.
ഒൻപതാം ഭാവം(ഭാഗ്യ ഭാവം)
ഒൻപതാം ഭാവത്തിനു ഭാഗ്യ ഭാവം എന്ന് പറയുന്നു.ഗുരു,പിതാവ്,ശുഭം,പൂർവ ജന്മം ,പരീക്ഷ,പുണ്യം,തപസ്സ്,പൗത്രൻ,ധർമ്മം,ജപ൦ ,ഉപാസന,ഭാഗ്യം ഇവയെല്ലാം ഒൻപതാം ഭാവമാണ്.
ഒരു ജന്മത്തിലെ ഭാഗ്യാനുഭവം പറയേണ്ടത് ഒൻപതാം ഭാവം കൊണ്ടാണ്.
വേദാന്ത ചിന്ത,മത വിശ്വാസം ഇവ ഒൻപതാം ഭാവവുമായി ബന്ധപ്പെട്ടിരിക്കുന്നു.ക്ഷേത്രങ്ങൾ,പള്ളികൾ,മറ്റ് ആരാധനാലയങ്ങൾ ഇവയെല്ലാം ഒൻപതാം ഭാവം കൊണ്ട് വേണം ചിന്തിക്കാൻ.തീർത്ഥ യാത്ര,ദാന പുണ്യങ്ങൾ ഇവയും ഒൻപതാം ഭാവമാണ്.സാധാരണ വിദ്യാഭ്യാസം ഒൻപതാം ഭാവം കൊണ്ട് ചിന്തിക്കാവുന്നതാണ്.അച്ഛനെ കൊണ്ടുള്ള കാര്യങ്ങൾ ഒൻപതാം ഭാവം കൊണ്ട് ചിന്തിക്കാം,സ്വപ്‌നങ്ങൾ ,അനുഭൂതികൾ ,ദൂര യാത്ര എന്നിവയും ഒൻപതാം ഭാവവുമായി ബന്ധപ്പെട്ടിരിക്കുന്നു.മതം,സയൻസ്,ദർശനം,യാത്ര എന്നിവയെ പറ്റിയുള്ള ഗ്രന്ഥ രചനയും ഒൻപതാം ഭാവമാണ്.
ഭാഗ്യം ധർമ്മദയാ പുണ്യം
തപസ്സും ഗുരുവും അച്ഛനും
പൗത്രന്മാർ ഔഷധം സേവ
നവമം കൊണ്ട് ചിന്തയേ.
ഭാഗ്യം,ധർമ്മം,ദയ,പുണ്യം,തപസ്സ്,ഗുരു,അച്ഛൻ,പൗത്രന്മാർ,ഔഷധ സേവാ ഇവയെല്ലാം ഒൻപതാം ഭാവം കൊണ്ട് ചിന്തിക്കണം.
പത്താം ഭാവം(കർമ്മ ഭാവം)
പത്താം ഭാവത്തിന് കർമ്മ ഭാവം എന്ന് പറയുന്നു.വ്യക്തിയുടെ പ്രശസ്തി,പദവി,പ്രഭുത്വം അംഗീകാരം,ബഹുമാനം ഇവയുമായി ബന്ധപ്പെട്ടത് പത്താം ഭാവമാണ്.ഒരാളുടെ പൊതു ജന സമ്മിതി,പൊതു ജീവിതം,ഭൗതികമായ ഉന്നതി ഇവയെല്ലാം പത്താം ഭാവം കൊണ്ട് വ്യക്തമാക്കാം.ഈ ഭാവത്തിൽ നിൽക്കുന്ന ഗ്രഹങ്ങൾ ,പത്താം ഭാവാധിപതി നിൽക്കുന്ന ഭാവം,ആ ഭാവാധിപതിയും പത്താം ഭാവാധിപതിയുമായി യോഗം ചെയ്തിരിക്കുന്ന ഗ്രഹങ്ങൾ ഇവയെ കണക്കിലെടുത്തു ഒരാളുടെ സമ്പന്നത,ശ്രേഷ്ഠത്വം,വ്യവസായം,തൊഴിൽ ഇവ നിശ്ചയിക്കാം.2,4,10 എന്നീ ഭാവങ്ങളിൽ പരസ്പരപ്പെടുത്തി തൊഴിലോ ഉപജീവന മാർഗ്ഗമോ ഇന്നതാണെന്ന് പറയാം.യാഗങ്ങൾ,അച്ഛനമ്മമാരുടെ മരണക്രീയ ,തീർത്ഥ യാത്ര ഇവയെല്ലാം പത്താം ഭാവമാണ്.
മാനവും സർവ കർമങ്ങൾ
ആജ്ഞ ദേവാലയാദിയും
ആലംഭന ച ചിന്തിപ്പൂ
ദശമാ മാസ്പതാതിയും .
മാനം,സർവ്വ കർമങ്ങൾ ,ആജ്ഞ,ദേവാലയം തുടങ്ങിയവ ആലംഭനം (ആശയം),രക്ഷ ഇവയൊക്കെയും മാത്രമല്ല ഒരാളുടെ ആസ്പദം (അധികാരം,സ്ഥാനം)ഇവയെല്ലാം പത്താം ഭാവം കൊണ്ട് ചിന്തിക്കണം.
പതിനൊന്നാം ഭാവം(ലാഭ ഭാവം)
പതിനൊന്നാം ഭാവത്തിനു ലാഭ സ്ഥാനം എന്നും പേരുണ്ട്.സ്നേഹിതന്മാർ,ആരാധകർ,സഹപ്രവർത്തകർ,ഉപദേശകർ,പിന്താങ്ങുന്നവർ,അഭ്യുദയകാംഷികൾ എന്നിവരെയെല്ലാം പതിനൊന്നാം ഭാവം കൊണ്ട് വേണം ചിന്തിക്കാൻ.പ്രതീക്ഷാ ബുദ്ധി,ആഗ്രഹ നിവൃത്തി,അഭീഷ്ട ലംബം,പ്രവർത്തന വിജയം,ഉന്നത പഠനം,തിരഞ്ഞെടുപ്പ് വ്യവഹാരം,ഊഹക്കച്ചവടം മുതലായവ പ്രവചിക്കേണ്ടത് പതിനൊന്നാം ഭാവം കൊണ്ടാണ്.
പതിനൊന്നാം ഭാവത്തിന് ലാഭ സ്ഥാനം എന്ന് പേരുണ്ട്.ഒന്ന് മുതൽ പത്തു വരെയുള്ള ഭാവങ്ങളുടെ ആകെ തുകയാണ് പതിനൊന്നാം ഭാവം.മറ്റു തരത്തിൽ പറഞ്ഞാൽ സ്വ പ്രയത്‌നം കൊണ്ടുള്ള സമ്പാദ്യത്തെ ഒന്നാം ഭാവം കൊണ്ടും,കുടുംബത്തിൽ നിന്ന് ലഭിക്കുന്ന ധനത്തെ രണ്ടാം ഭാവം കൊണ്ടും,സഹോദരനിൽ നിന്ന് ലഭിക്കുന്ന ധനത്തെ മൂന്നാം ഭാവം കൊണ്ടും മാതാവ്,വാഹനം,സ്ഥാവര വസ്തുക്കൾ ഇവയിൽ നിന്ന് ലഭിക്കുന്ന ധനത്തെ നാലാം ഭാവം കൊണ്ടും മക്കൾ,പൂർവിക സമ്പത്ത് എന്നിവ കൊണ്ട് ലഭിക്കുന്ന ധനത്തെ അഞ്ചാം ഭാവം കൊണ്ടും ലോട്ടറി,ചൂത്,നാടക കമ്പനി തുടങ്ങിയവയിൽ നിന്ന് ലഭിക്കുന്ന ധന സമ്പാദനത്തെ ആറാം ഭാവം കൊണ്ടും വ്യവസായ പങ്കാളികൾ,ഭാര്യാഭർത്താക്കന്മാർ,വ്യവഹാരം ഇവയിൽ നിന്ന് നിന്ന് ലഭിക്കുന്ന ധനത്തെ ഏഴാം ഭാവം കൊണ്ടും,ഇൻഷുറൻസ്,പ്രൊവിഡൻറ് ഫണ്ട് ,പരമ്പരാഗത അവകാശം എന്നിവ മുഖേന ലഭിക്കുന്ന ധനത്തെ എട്ടാം ഭാവം കൊണ്ടും,വിദേശ സഹകരണം,വിദേശികൾ,അച്ഛൻ തുടങ്ങിയവയിൽ നിന്ന് ലഭിക്കുന്ന ധനത്തെ ഒൻപതാം ഭാവം കൊണ്ടും തൊഴിൽ,വ്യവസായം എന്നിവയിൽ നിന്ന് ലഭിക്കുന്ന ധനത്തെ പത്താം ഭാവം കൊണ്ടും ചിന്തിക്കണം.പതിനൊന്നാം ഭാവം ഇതിൻറെ ആകെ തുകയാണ്.
ഏകാദശേന വിത്തസ്യ ലാഭവും ദുഃഖ നാശവും
സർവ്വാഭീഷ്ടങ്ങളും ജേഷ്ഠഭ്രാതാവും വാമകർണവും
ധനം,ലാഭം,ദുഃഖ നാശം സർവ്വാഭീഷ്ടങ്ങൾ (എല്ലാ വിധ ആഗ്രഹങ്ങൾ),ജേഷ്ഠഭ്രാതാവും,വാമകർണ൦ (ഇടതു ചെവി)ഇവയെല്ലാം പതിനൊന്നാം ഭാവം കൊണ്ട് ചിന്തിക്കണം.
പന്ത്രണ്ടാം ഭാവം(വ്യയ ഭാവം)
പന്ത്രണ്ടാം ഭാവത്തെ വ്യയഭാവം എന്ന് പറയുന്നു.ഇഹ ജീവിതത്തിൻറെ അവസാനം മോക്ഷ പ്രാപ്തി,നഷ്ടം,ചെലവ്,ധാനം,പ്രത്യുപകാരം,തല്പരത,വ്യക്തിയിൽ നിന്ന് വേർപെട്ടു പോകുന്ന അഥവാ വ്യക്തിക്ക് നഷ്ടം വരുന്ന എല്ലാ കാര്യങ്ങളും പന്ത്രണ്ടാം ഭാവം കൊണ്ട് ചിന്തിക്കണം.രണ്ടാം ഭാവവും പന്ത്രണ്ടാം ഭാവവും തമ്മിൽ ബന്ധപ്പെട്ടാൽ ആഭരണങ്ങൾക്ക് വേണ്ടി പണം ചിലവഴിക്കും.മൂന്നാം ഭാവവും പന്ത്രണ്ടാം ഭാവവുമായി ബന്ധപ്പെട്ടാൽ ചെറിയ യാത്രക്ക് വേണ്ടി പണം ചെലവഴിക്കും.നാലാം ഭാവവും പന്ത്രണ്ടാം ഭാവവുമായി ബന്ധപ്പെട്ടാൽ വസ്തു വകകൾ വാങ്ങുന്നതിനും വാഹനം വാങ്ങുന്നതിനും പണം ചെലവഴിക്കും.ചെലവുകളും നഷ്ടങ്ങളും പല തരത്തിൽ ഉണ്ടല്ലോ.ഓരോ ഭാവവുമായി ബന്ധപ്പെട്ടാൽ ഓരോ തരത്തിലുള്ള ചെലവും നഷ്ടവും വന്നു ചേരും.ഈ ചെലവുകൾ തന്നെ നല്ലതോ ചീത്തയോ എന്നത് പന്ത്രണ്ടാം ഭാവവുമായി ബന്ധപ്പെടുന്ന ഗ്രഹത്തിന്റെ ശുഭത്തെയും ആശ്രയിക്കുന്ന ഗ്രഹങ്ങളുടെ നിൽപ്പും അനുസരിച്ചിരിക്കും.
ദുഃഖം,വിരഹം,അകൽച്ച,തടസ്സം,ദൗർഭാഗ്യം,ക്ലേശം,ദാരിദ്ര്യം,ശിക്ഷ എന്നീ ദുഷ്ട ഫലങ്ങളും പന്ത്രണ്ടാം ഭാവം കൊണ്ട് ചിന്തിക്കണം.
പൂർവ്വ ജന്മത്തിൽ സംഭവിച്ചിരിക്കുന്ന പാപ പരിഹാരമായി ഈ ജന്മത്തിൽ ചെയ്യേണ്ട പരോപകാരങ്ങളും പന്ത്രണ്ടാം ഭാവം കൊണ്ട് മനസ്സിലാക്കാം.രഹസ്യ പദ്ധതികൾ,ഗൂഡാലോചന,സൂത്രശാലിത്വം,ചതി,ആത്മഹത്യ,കൊലപാതകം,നാടുകടത്തൽ ഇവയും പന്ത്രണ്ടാം ഭാവം കൊണ്ട് ചിന്തിക്കണം.
അഴിയും പാപവും ഭ്രംശം
ഇടത്തേ കണ്ണ് ദുഷ്‌കൃതം
സ്ഥാന ഭ്രംശം ച വൈകല്യം
ദ്വാദശേന നിരൂപയേ.
അഴിവ്(ചെലവ്),ഭ്രംശം,ഇടത്തേ കണ്ണ് വൈകല്യം ഇവ പന്ത്രണ്ടാം ഭാവം കൊണ്ട് ചിന്തിക്കണം.
ഭാവ കാരകന്മാർ
ലഗ്നത്തിൽ കാരകൻ സൂര്യൻ
രണ്ടിന് അമരവന്ദ്യനാം
കുജൻ മൂന്നാമിടത്തിന്
നാലിന് ഇന്ദുവും ബുധനും
അഞ്ചിൽ കാരകനാം വ്യാഴം
ആറിന് കുജമന്ദനും
ദ്യുനത്തിൻ കാരകൻ ശുക്രൻ
അഷ്ടമത്തിന് മന്ദനും
ഗുരുവും ഭാനുവും ചൊല്ലാം
നവമത്തിന് കാരകൻ
ജീവനും ബുധനും ഭാനു
മന്ദനും പത്തിനായി വരും
ലാഭ ഭാവത്തിൽ ജീവൻ
പന്ത്രണ്ടിന് മന്ദനാം
കാരക ക്രമം ഈ വണ്ണം
ഹോര തന്ത്ര പ്രകീർത്തനം.
ഒന്നാം ഭാവ കാരകൻ-സൂര്യൻ
രണ്ടാം ഭാവ കാരകൻ-വ്യാഴം(അമരവന്ദ്യൻ)
മൂന്നാം ഭാവ കാരകൻ-കുജൻ
നാലാം ഭാവ കാരകൻ-ചന്ദ്രൻ,ബുധൻ
അഞ്ചാം ഭാവ കാരകൻ-വ്യാഴം
മൂല ത്രികോണങ്ങൾ
ആദിത്യന് ചിങ്ങവുംചന്ദ്രന് ഇടവവും ചൊവ്വക്ക് മേടവും ബുധന് കന്നിയും വ്യാഴത്തിന് ധനവും ശുക്രന് തുലാവവും ശനിക്ക് കുംഭവും മൂല ത്രികോണങ്ങളാകുന്നു.
സിംഹോ വൃഷ : പ്രഥമ
ഷഷ്ഠ ഹയാങ്ക തൗലീ
കുംഭ സ്ത്രികോണ ഭാവനാനി
ഭവന്തി സൂര്യാൻ
| സിംഹം | ചിങ്ങം രാശി |
| വൃഷഭം | ഇടവ രാശി |
| പ്രഥമ | മേടം |
| പിഷ്‌ഠം | കന്നി |
| ഹയാങ്കം | ധനു |
| തൗലി | തുലാം |
| കുംഭം | കുംഭ രാശി |
| ത്രികോണ ഭവൻ | മൂല ത്രികോണ രാശി ( മൂല ക്ഷേത്രം) |
സാരം
| ചിങ്ങം രാശി-സൂര്യൻറെയും |
| ഇടവം രാശി -ചന്ദ്രന്റെയും |
| മേടം രാശി-കുജന്റേയും |
| കന്നി രാശി -ബുധന്റേയും |
| ധനു -വ്യാഴത്തിൻറെയും |
| തുലാം രാശി-ശുക്രൻറെയും |
| കുംഭം രാശി -ശനിയുടേയും |
| മൂല ത്രികോണ രാശികളാണ്. |
